അമേഠിയിൽ നിന്നുള്ള രാഹുലിന്റെ പിന്മാറ്റം; തനിക്ക് ലഭിച്ച അംഗീകാരമെന്ന് സ്മൃതി
Saturday, May 4, 2024 7:48 AM IST
ന്യൂഡൽഹി: അമേഠിയിൽ മത്സരിക്കില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനം എനിക്കു ലഭിച്ച വലിയ അംഗീകാരമാണെന്നു കേന്ദ്ര മന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ സ്മൃതി ഇറാനി.
കോൺഗ്രസ് പാർട്ടിക്ക് അവരുടെ മുഴുവൻ തന്ത്രവും ഊർജവും തന്നിലേക്ക് കേന്ദ്രീകരിച്ചു എന്ന് പറയുന്നത് തനിക്ക് ലഭിക്കുന്ന വലിയ അഭിനന്ദനമാണ്. ഞാൻ അവർക്കു വളരെ പ്രാധാന്യമുള്ളവളാണെന്നു മനസിലായെന്നും സ്മൃതി ഇറാനി പറഞ്ഞു.
അമേഠി ഒഴിവാക്കി റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽ പത്രിക സമർപ്പിച്ചതിനു പിന്നാലെയായിരുന്നു സ്മൃതിയുടെ പ്രതികരണം. കഴിഞ്ഞ തവണ അമേഠിയിൽ സ്മൃതിയോടു മത്സരിച്ചു രാഹുൽ പരാജയപ്പെട്ടിരുന്നു.
സ്മൃതി ഇറാനിയുടെ ഏക ഐഡന്റിറ്റി അവർ രാഹുൽ ഗാന്ധിക്കെതിരേ അമേഠിയിൽനിന്നു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതാണെന്നും ഇപ്പോൾ അവരുടെ രാഷ്ട്രീയ പ്രസക്തി അവസാനിച്ചുവെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചിരുന്നു.
അർഥശൂന്യമായ പ്രസ്താവനകൾ നടത്തുന്നതിന് പകരം മണ്ഡലത്തിലെ അടച്ച ആശുപത്രികൾ, സ്റ്റീൽ പ്ലാന്റുകൾ, ഐഐഐടികൾ എന്നിവയെക്കുറിച്ച് സ്മൃതിക്ക് ഇനി ഉത്തരം പറയേണ്ടിവരുമെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
റായ്ബറേലിയിലെ മത്സരം അമ്മ ഏൽപിച്ച ദൗത്യമാണെന്നാണ് രാഹുൽ പ്രതികരിച്ചത്. പരമ്പരാഗത മണ്ഡലത്തെ സേവിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചത്. അമേഠിയും, റായ്ബറേലിയും തന്റെ കുടുംബമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.