പൈനാപ്പിൾ വിലയിൽ വർധന; ഉത്പാദനം കുറഞ്ഞതിനാൽ കർഷകർ നിരാശയിൽ
Saturday, May 4, 2024 4:38 AM IST
തിരുവനന്തപുരം: പൈനാപ്പിൾ വിലയിൽ വൻ വർധന. വേനൽ കടുത്തതും ആവശ്യക്കാർ ഏറിയതുമാണ് പൈനാപ്പിൾ വിലയിൽ വർധനയുണ്ടാകാൻ കാരണം.
80 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ പൈനാപ്പിളിന്റെ നിലവിലെ വില. 15 മുതൽ 20 രൂപയിൽനിന്നാണ് 80 രൂപയിലേക്ക് വില കുതിച്ചുയർന്നത്.
എന്നാൽ വില വർധിച്ചതോടെ ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന വ്യാപാരികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ഉയർന്ന വില ലഭിക്കുന്ന സാഹചര്യത്തിൽ വേനലിൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതും കർഷകരെ നിരാശയിലാക്കുന്നു.
കൃത്യമായ മഴയുടെ ലഭ്യതക്കുറവും കാലാവസ്ഥയിലുണ്ടായ മാറ്റവും കടുത്ത ചൂടുമാണ് പൈനാപ്പിളിന്റെ ഉത്പാദനത്തെ ബാധിച്ചത്. കൂടിയ വില രണ്ട് വർഷത്തേക്കെങ്കിലും നിലനിൽക്കുമെന്നാണ് കര്‍ഷകരുടെയും കച്ചവടക്കാരുടെയും പ്രതീക്ഷ.