ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; പ്രതികൾ പിടിയിൽ
Saturday, May 4, 2024 12:47 AM IST
ഓട്ടവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ കാനഡയിൽ അറസ്റ്റ് ചെയ്തു. 2023 ജൂൺ 18നാണു കാനഡയിൽ വച്ച് നിജ്ജാറിനെ ഒരു സംഘം വെടിവച്ച് കൊന്നത്.
സംഭവത്തിൽ കരൻപ്രീത് സിംഗ്, കമൽപ്രീത് സിംഗ്, കരൻ ബ്രാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂന്നുപേരും ഇന്ത്യാക്കാരാണെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു നിജ്ജാർ. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു.
ഇതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അറസ്റ്റിലായ പ്രതികൾ ഏറെ കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നും രണ്ട് പ്രവിശ്യകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും കനേഡിയൻ പോലീസ് പറഞ്ഞു.