നവജാത ശിശുവിന്റെ മരണം; യുവതി കുറ്റം സമ്മതിച്ചെന്ന് പോലീസ്
Friday, May 3, 2024 6:25 PM IST
കൊച്ചി: പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലായ 23 വയസുകാരി കുറ്റം സമ്മതിച്ചെന്ന് പോലീസ്. ജനിച്ച് മൂന്ന് മണിക്കൂറിനൂള്ളിൽ സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ യുവതി കുഞ്ഞിനെ നടു റോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞ് ജനിച്ചപ്പോഴെ മരിച്ചിരുന്നോ എന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ വ്യക്തമാകൂ. യുവതി ബലാത്സംഗത്തിനിരയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക മൊഴി. ഇക്കാര്യം പരിശോധിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
മകൾ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. പോലീസ് ഫ്ലാറ്റിൽ എത്തിയ ശേഷമാണ് മാതാപിതാക്കൾ വിവരങ്ങൾ അറിയുന്നത്. പുലർച്ചെ 5.30 ഓടെയാകും പ്രസവം നടന്നതെന്നാണ് പോലീസിന്റെ അനുമാനം.
ഫ്ലാറ്റിലെ ടോയ്ലറ്റിൽ പ്രസവിച്ച യുവതി മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ കവറിലാക്കി താഴേയ്ക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് യുവതി പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ക്ഷീണിതയായ യുവതിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തും.