ബ്രിജ് ഭൂഷൺ സിംഗിന് സീറ്റില്ല ; മകൻ മത്സരിക്കും
Thursday, May 2, 2024 5:48 PM IST
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് മുന്‍ പ്രസിഡന്റും എംപിയുമായ ബ്രിജ് ഭൂഷണ് സിംഗിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച് ബിജെപി. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള സിറ്റിംഗ് എംപിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനു പകരം ഇളയമകൻ കരൺ ഭൂഷൺ സിംഗിന് ബിജെപി സീറ്റ് നൽകി.
വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നു ബ്രിജ് ഭൂഷണിനെതിരെ പരാതി ഉയർന്നിരുന്നു. ഇതു തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന് നിഗമനത്തിലാണ് പാർട്ടി സീറ്റ് നിഷേധിക്കാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. കരൺ നിലവിൽ ഉത്തർപ്രദേശ് ഗുസ്തി അസോസിയേഷൻ പ്രസിഡന്റാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈസർഗഞ്ചിൽനിന്നു രണ്ട് ലക്ഷം വോട്ടിനാണു ബ്രിജ് ഭൂഷൺ വിജയിച്ചത്. തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മേയ് 20നാണ് കൈസർഗഞ്ചിൽ വോട്ടെടുപ്പ്. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.