റബര്‍ വിലയിൽ ഇടിവ്; കർഷകർ ആശങ്കയിൽ
Thursday, May 2, 2024 1:43 PM IST
കോട്ടയം: ടാപ്പിംഗ് പുനഃരാരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റബര്‍ വില ഇടിഞ്ഞുതുടങ്ങി. ആര്‍എസ്എസ് നാല് ഗ്രേഡ് 180.50, ഗ്രേഡ് അഞ്ച് 177.50 നിരക്കിലേക്കാണു വില താഴ്ന്നത്. ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചെങ്കിലും കനത്ത ചൂടില്‍ ഉത്പാദനം കുറവാണ്.
ലാറ്റക്സ് തോത് കുറവായതിനാല്‍ ഷീറ്റ് ഉത്പാദനം തുടങ്ങിയിട്ടുമില്ല. ഏറെ കര്‍ഷകരും ചണ്ടിപ്പാല് വില്‍ക്കുകയാണ്.
വിദേശരാജ്യങ്ങളിലും കാര്യമായി ഉത്പാദനമില്ല. മുന്‍ മാസങ്ങളില്‍ ക്രംബ് വില താഴ്ന്ന വേളയില്‍ ടയര്‍ വ്യവസായികള്‍ വലിയ തോതില്‍ ക്രംബ് റബര്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ മുന്‍ നിര ടയര്‍ കമ്പനികള്‍ നാമമാത്രമായി മാത്രമെ ഷീറ്റ് വാങ്ങാന്‍ താത്പര്യപ്പെടുന്നുള്ളു.
ആസാം, മിസോറം, മേഘാലയയിൽനിന്നു നിലവാരം കുറഞ്ഞ ഷീറ്റ് കുറഞ്ഞ വിലയ്ക്കു ലഭ്യമാണ്. ഏതാനും കമ്പനികളും വ്യവസായികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മേന്മ കുറഞ്ഞ ചരക്കുമാത്രമേ വാങ്ങുന്നുള്ളു.
ആഗോള തലത്തില്‍ ഉത്പാദനത്തില്‍ വലിയ കുറവുണ്ടായിട്ടും വില ഉയരാത്തതില്‍ ആശങ്കയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും മിനിമം സബ്സിഡി വില 250 രൂപയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ രക്ഷപ്പെടും. സബ്സിഡി നിരക്ക് 180 രൂപയാക്കി ബജറ്റില്‍ വകയിരുത്തിയ 500 കോടി രൂപ സബ്സിഡിയില്‍ നയാ പൈസ പോലും ഇതുവരെ സര്‍ക്കാരിനു ചെലവഴിക്കേണ്ടിവന്നിട്ടില്ല.
കേരളത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം റബര്‍ ഉത്പാദനത്തില്‍ 30 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. റബര്‍ ബോര്‍ഡ് ഇക്കാര്യം മറച്ചുവച്ച് എല്ലാ മാസവും ശരാശരി അര ലക്ഷം ടണ്‍വീതം ഉത്പാദനക്കണക്ക് പുറത്തുവിടുന്നു. മഴക്കാലത്തും മഞ്ഞുകാലത്തും റബര്‍ ബോര്‍ഡിന്റെ ഉത്പാദനക്കണക്ക് ഒരേതോതിലാണ്.
എട്ടര ലക്ഷം ടണ്‍ വരെ ഉയര്‍ന്ന ആഭ്യന്തര ഉത്പാദനം അഞ്ചു ലക്ഷം ടണ്ണിലേക്കു താഴ്ന്നിട്ടും വിലയില്‍ കൃഷിക്കാര്‍ക്കു നേട്ടമില്ല. വ്യവസായ താത്പാര്യം മാത്രം സംരക്ഷിക്കുന്ന റബര്‍ ബോര്‍ഡ് റബര്‍ സംബന്ധമായ വിവരങ്ങളൊന്നും പുറത്തുവിടാന്‍ താത്പര്യപ്പെടുന്നില്ലെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.