മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
Thursday, May 2, 2024 12:53 AM IST
സുൽത്താൻപൂർ: സുൽത്താൻപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നിലവിലെ സുൽത്താൻപൂരിൽ നിന്നുള്ള എംപിയായ ഇവർക്ക് ബിജെപി വീണ്ടും അവസരം നൽകുകയായിരുന്നു.
നിഷാദ് പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മന്ത്രിയുമായ സഞ്ജയ് നിഷാദും നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ മനേകാ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഭീം നിഷാദിനെയാണ് സമാജ്വാദി പാർട്ടി സുൽത്താൻപൂരിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
"ഇത് എല്ലായ്പ്പോഴും ഒരു മത്സരമാണ്, ഞങ്ങൾ വിജയിക്കുമെന്ന് ഞാൻ കരുതുന്നു, ഇത്തവണ വെല്ലുവിളി കുറവാണ്.'-നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം മനേക ഗാന്ധി പറഞ്ഞു.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ മനേക ഗാന്ധിക്ക് 4,59,196 വോട്ടുകളും ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥി ചന്ദ്ര ഭദ്ര സിംഗിന് 4,44,670 വോട്ടുകളും ലഭിച്ചിരുന്നു.