"പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; ഫ്ലക്സ് പോലീസ് നീക്കി
Wednesday, May 1, 2024 6:45 PM IST
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ, പാലക്കാട്ട് സിപിഎം സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിച്ച് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് പോലിസ് നീക്കം ചെയ്തു. തെറ്റിധരിപ്പിക്കുന്ന ബോർഡായതിനാലാണ് നീക്കം ചെയ്യുന്നതെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി അറിയിച്ചു.
പാലക്കാട് എടത്തനാട്ടുകര പൊന്‍പാറയിലാണ് എൽഡിഎഫ് സ്ഥാനാർഥി എ. വിജയരാഘവന് അഭിവാദ്യവുമായി സിപിഎം പ്രവര്‍ത്തകര്‍ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. "പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ' എന്നാണ് ബോർഡിൽ കുറിച്ചിരുന്നത്.
സിപിഎം പൊന്‍പാറ ബൂത്ത് രണ്ട്, മൂന്ന് എന്നും താഴെ ചേർത്തിട്ടുണ്ട്. അതേസമയം, ഫലപ്രഖ്യാപനത്തിന് മുമ്പ് അത്തരത്തില്‍ ബോര്‍ഡ് വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രവര്‍ത്തകരുടെ ആവേശംകൊണ്ട് ചെയ്തതാണെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.