തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനം; നാലു തൊഴിലാളികൾ മരിച്ചു, എട്ടുപേർക്ക് പരിക്ക്
Wednesday, May 1, 2024 3:22 PM IST
ചെന്നൈ: തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ നാലു തൊഴിലാളികൾ മരിച്ചു. എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
സ്ഫോടനത്തെ തുടർന്ന് ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു. സമീപത്തെ ഇരുപതോളം വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. 20 കിലോമീറ്റര്‍ ദൂരെവരെ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
നേരത്തേ ക്വാറിയിലെ സുരക്ഷാപ്രശ്നങ്ങളും അമിത ഭാരം കയറ്റിവരുന്ന ട്രക്കുകളുണ്ടാക്കുന്ന അപകടസാധ്യതകളും ഉന്നയിച്ച് പ്രദേശവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. അപകടത്തിനു പിന്നാലെ പ്രദേശവാസികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ക്വാറിക്ക് ലൈസൻസ് ഉണ്ടായിരുന്നെന്നും എന്നാൽ അനുവദനീയം ആയതിലും കൂടുതൽ അളവിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും ജില്ലാ കളക്ടർ പറഞ്ഞു.