ജയരാജനെതിരേ ഗൂഢാലോചന നടത്തി: സുധാകരനും ശോഭയ്ക്കുമെതിരേ പരാതി നല്കി ദല്ലാള്‍ നന്ദകുമാര്‍
Tuesday, April 30, 2024 12:51 PM IST
കൊച്ചി: ഇ.പി. ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനുമെതിരെ വിവാദ ഇടനിലക്കാരന് ടി.ജി. നന്ദകുമാര്‍ പോലീസില്‍ പരാതി നല്കി. ഡിജിപിക്കും പാലാരിവട്ടം പോലീസിനുമാണ് ഇ-മെയിലിലൂടെ പരാതി അയച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെയും തന്നെയും അപമാനിക്കുന്നതിനായി ശോഭാ സുരേന്ദ്രന്റെ സഹായത്തോടെ കെ. സുധാകരനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പരാതി.
കേരളത്തിലെ ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവ്ദേക്കറും നന്ദകുമാറും ചേര്‍ന്ന് 2023 മാര്‍ച്ച് അഞ്ചിന് ഇ.പി. ജയരാജന്റെ മകന്റെ ആക്കുളത്തുള്ള ഫ്ലാറ്റില്‍ ജയരാജനെ സന്ദര്‍ശിച്ചത് അനാവശ്യ വിവാദമാക്കി തന്നെയും ജയരാജനെയും സമൂഹമാധ്യമങ്ങളില്‍ അവളേഹിച്ചതായാണ് പരാതിയിലുള്ളത്. ഇതിനെക്കുറിച്ച് പ്രത്യകം സംഘം അന്വേഷണ നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്.
അതേസമയം വോട്ടെടുപ്പിന് തലേന്നും ഇ.പിയുമായി സംസാരിച്ചെന്ന് നന്ദകുമാര്‍ ആവര്‍ത്തിച്ചു. തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ ജയരാജനോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ നിമിഷം വരെ അദ്ദേഹം അത് ബ്ലോക്ക് ചെയ്തിട്ടില്ല. ഇനി അദ്ദേഹവും കുടുംബവും തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യും. ഇ.പിക്ക് കുഴപ്പം ഉണ്ടാക്കുന്നതൊന്നും തന്റെ ഭാഗത്തുനിന്ന് ഇനി ഉണ്ടാകില്ല.