‘ഹരിത’ നേതാക്കളെ തിരിച്ചെടുത്തു; യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി നേതൃത്വം
Tuesday, April 30, 2024 11:22 AM IST
കോഴിക്കോട്∙ സംഘടനാ നടപടി നേരിട്ട "ഹരിത' നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി. ഹരിത മുന്‍ സംസ്ഥാനധ്യക്ഷയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.
മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഹരിത വിവാദത്തില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം നിന്നതിന് നടപടി നേരിട്ട എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു.
എംഎസ്എഫിന്റെ വനിതാ വിഭാഗമായ 'ഹരിതയുടെ' നേതാക്കൾക്കെതിരെ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടികൾ പിൻവലിക്കാനുള്ള തീരുമാനം ആഴ്ചകൾക്ക് മുമ്പാണ് മുസ്ലിം ലീഗ് കൈക്കൊണ്ടത്. ഇങ്ങനെ നടപടി ഒഴിവാക്കിയ നേതാക്കൾക്ക് പുതിയ ഭാരവാഹിത്വം നൽകിക്കൊണ്ടുള്ള വാർത്താക്കുറിപ്പാണ് ലീഗ് നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ഹരിത നേതാക്കൾ നൽകിയ പരാതി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ പി.കെ നവാസിന് അനുകൂല നിലപാട് സ്വീകരിക്കാമെന്ന ഉറപ്പിലാണ് ഇവരെ തിരിച്ചെടുക്കുകയും ഭാരവാഹിത്വം നൽകുകയും ചെയ്തത്.