സിദ്ധാർഥന് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Tuesday, April 30, 2024 4:25 AM IST
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
60 ദിവസത്തോളമായി ജയിലിൽ കഴിയുന്ന തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏഴ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ സിബിഐ ആദ്യഘട്ട കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു.
പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള 20 പേരെ പ്രതികളാക്കി കൊണ്ടാണ് സിബിഐയുടെ കുറ്റപത്രം. മുൻ വിസി, ഡീൻ, കോളജ് വിദ്യാര്‍ഥികള്‍ എന്നിവരുടെയെല്ലാം മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികളുടെ ജാമ്യഹർജി കീഴ്ക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ സ്വാഭാവിക ജാമ്യം തടയാനാണ് ആദ്യഘട്ട കുറ്റപത്രം നൽകിയതെന്നാണ് സൂചന.