മധുരയിൽ മലയാളി വനിതാ റെയിൽവേ ഗാർഡിനുനേരെ ആക്രമണം
Monday, April 29, 2024 9:29 PM IST
മധുര: മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം. കൊല്ലം സ്വദേശി രാഖി (28)യെ ആണ് മദ്യപസംഘം ആക്രമിച്ചത്.
മധുര റെയിൽവേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിനു തൊട്ടു മുൻപ് ട്രെയിൻ സിഗ്നൽ കാത്ത് കിടക്കുമ്പോഴാണ് സംഭവം. ട്രെയിനിനു സിഗ്നൽ നൽകാനുള്ള ചുമതലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് രാഖിയായിരുന്നു.
രാഖിയുടെ ഫോണും പണവും സൂക്ഷിച്ച ബാഗും മാലയും തട്ടിയെടുത്ത അക്രമികൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.