രാഷ്ട്രീയ എതിരാളികളെ കണ്ടാൽ ഇടത് പ്രത്യയശാസ്ത്രം നശിക്കില്ല; ശോഭയ്ക്കെതിരെ ഇ.പി കേസുകൊടുക്കും: സിപിഎം
Monday, April 29, 2024 4:46 PM IST
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഒരു വർഷം മുൻപ് ബിജെപി നേതാവിനെ കണ്ടത് ഇ.പി സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ കാണുമ്പോൾ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കൽപ്പമാണെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇ.പിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് ഇപി തന്നെ വിശദീകരിച്ചു. നിയമപരമായ തുടർ നടപടിക്ക് പാർട്ടി നിർദ്ദേശം നൽകി. ദല്ലാൾ നന്ദകുമാറിനെ പോലുള്ളവരുമായി ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.
ആ ബന്ധം മുൻപേ അവസാനിപ്പിച്ചെന്ന് ഇ.പി പാർട്ടിയോഗത്തിൽ അറിയിച്ചു. ഡൽഹിയിലും എറണാകുളത്തും രാമനിലയത്തിലും അടക്കം കൂടിക്കാഴ്ച നടന്നെന്ന വാദം ശുദ്ധ അസംബന്ധമാണ്. ശോഭ സുരേന്ദ്രനെതിരെ ഇ.പി കേസ് കൊടുക്കുമെന്നും ഗോവിന്ദൻ അറിയിച്ചു.