ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
Saturday, April 27, 2024 3:07 PM IST
തിരുവനന്തപുരം: നിലവില്‍ രാജ്ഭവന്റെ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്.
നെല്‍വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നിവയാണ് ഗവര്‍ണര്‍ ഒപ്പുവച്ച മറ്റ് നാല് ബില്ലുകള്‍. നിയമസഭ പാസാക്കിയ ഈ ബില്ലുകളില്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.
ഇടുക്കിയിലെ കര്‍ഷകര്‍ ആശങ്ക ഉന്നയിച്ച സാഹചര്യത്തില്‍ ഭൂപതിവ് ഭേദഗതി ബില്ലില്‍ മാത്രമായിരുന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. എന്നാൽ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആറ് മാസം പിന്നിട്ടിട്ടും ഗവര്‍ണര്‍ ബില്ല് തടഞ്ഞ് വയ്ക്കുകയായിരുന്നു. വോട്ടെടുപ്പിന് പിന്നാലെയാണ് നിലവിൽ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഗവർണർ ഒപ്പുവച്ചത്.
അതേസമയം സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി ബില്ല് അടക്കം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഗവർണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലടക്കം മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചു. എന്നാല്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു.