എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും; എല്‍ഡിഎഫും ബിജെപിയും തകരും: എ.കെ. ആന്റണി
Friday, April 26, 2024 1:01 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിംഗ് പുരോഗമിക്കേ വിജയപ്രതീക്ഷ പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് തങ്ങളുടെ ആത്മവിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്റണി.
കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്രസർക്കാരിനും കേരള സർക്കാരിനുമെതിരേ വീശുകയാണ്. ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിംഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.