സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
Thursday, April 25, 2024 10:23 PM IST
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തിൽ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും ഗൂഢാലോചനയില്‍ അന്വേഷണം തുടരും.
ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്ഥൻ മരിച്ചതെന്നാണ് പരാതി. സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.
സിദ്ധാര്‍ഥന്റെ മരണം ഗുരുതര സംഭവമുള്ളതാണെന്നും ഉദ്യോഗസ്ഥരടക്കം ഉത്തരവാദികളായവർ നടപടി നേരിടണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാർഥിയുടെ മരണത്തേത്തുടർന്ന് വൈസ് ചാന്‍സലര്‍ ഡോ.എം.ആര്. ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടിയും ഹൈക്കോടതി ശരിവച്ചു.
സസ്പെന്‍ഡ് ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നു കാട്ടി വൈസ് ചാന്‍സലര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിദ്ധാര്ഥന് മര്‍ദനത്തിന് ഇരയായത് താന്‍ അറിഞ്ഞിരുന്നില്ലെന്നും വിസി വാദമുന്നയിച്ചു. എന്നാൽ ഇതും ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് തള്ളി.