സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
Wednesday, April 24, 2024 11:56 AM IST
ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. വിവിപാറ്റിന്റെ പ്രവർത്തനം, സോഫറ്റ്വെയർ തുടങ്ങി സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണമെന്നാണ് കോടതി നിർദേശിച്ചത്.
ഇക്കാര്യം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാൻ കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം നൽകി. എല്ലാ കാര്യങ്ങളും ആഴത്തിൽ പരിശോധിച്ചാണ് മുന്നോട്ട് പോകുന്നതെന്നും കോടതി പറഞ്ഞു. അതേസമയം, ഇലക്ട്രാണിക് വോട്ടിംഗ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മൈക്രോ കൺട്രോളർ കൺട്രോളിംഗ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്? മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്? ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര? വോട്ടിംഗ് മെഷീൻ സീൽചെയ്തു സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ? ഇലക്ടോണിക് വോട്ടിംഗ് മെഷീനിലെ ഡേറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ? എന്നിവയാണ് കോടതി വ്യക്തത തേടിയ വിഷയങ്ങൾ.
ഇലക്ട്രാണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിശദമായ വിധി ഉണ്ടാകുമെന്ന സൂചനയും കോടതി നല്കി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് നൽകിയ ഹർജി ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.
മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചത്. നിലവിൽ, ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിൽനിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.