ഡൽഹിയിൽ കൗമാരക്കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊന്നു
Wednesday, April 24, 2024 12:14 AM IST
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുര മേഖലയിൽ 19 കാരനായ കോഫി ഷോപ്പ് ഉടമയെ രണ്ട് പേർ കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
ഭജൻപുര നിവാസിയായ കരൺ ഝാ, യമുന വിഹാറിൽ വൈകുന്നേരം 4.30 ഓടെയാണ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഝായുടെ നെഞ്ചിലും തുടയിലും കൈപ്പത്തിയിലും കാലിലും ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു.
ഝായും സുഹൃത്ത് മാധവ് ഗോയലും (20) സ്കൂട്ടിയിൽ വരുമ്പോൾ രണ്ട് പേർ ആക്രമിക്കുകയായിരുന്നു. ഗോയലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ രണ്ട് അക്രമികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അവരെ പിടികൂടാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.