രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധന; അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകി
Tuesday, April 23, 2024 7:48 PM IST
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പരാമർശത്തിൽ പി.വി.അൻവർ എംഎൽഎയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ്. അൻവറിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡന്റ് പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവന്റെ പ്രചാരണ വേദിയിലാണ് പി.വി. അൻവർ എംഎൽഎ വിവാദ പരാമർശം നടത്തിയത്. പരാമർശം സ്ത്രീത്വത്തെയും, മാതൃത്വത്തെയും അവഹേളിക്കുന്നതാണെന്നടക്കം പരാതിയിൽ പറയുന്നു.
സംഭവത്തിൽ കോൺഗ്രസ് കേന്ദ്ര - സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ, ഡിജിപി, കോഴിക്കോട് റൂറൽ എസ്പി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു.
അൻവറിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തി. മോശമായ പ്രസ്താവനയാണ് നടത്തിയതെന്നും മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് അൻവറിന്റെ പ്രസ്താവനയെന്നും വി.ഡി.സതീശൻ ആരോപിച്ചു.