തെരഞ്ഞെടുപ്പ് കുളമാക്കാന്‍ കൊണ്ടുവന്ന ആരോപണം; പരാതി നല്‍കും: അനില്‍ ആന്റണി
Tuesday, April 23, 2024 1:28 PM IST
പത്തനംതിട്ട: താന്‍ കൈക്കൂലി വാങ്ങിയെന്ന ടി.ജി. നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി. താന്‍ ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് കുളമാക്കാന്‍ കൊണ്ടുവന്ന ആരോപണമാണിത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നന്ദകുമാറിനെതിരേ പരാതി നല്‍കുമെന്നും അനില്‍ പ്രതികരിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാന്‍ അനില്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.
നേരത്തെ, അനില്‍ ആന്റണിക്കെതിരേയുള്ള ആരോപണങ്ങളില്‍ നന്ദകുമാര്‍ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. പണം കൈമാറിയ സാഗര്‍ രത്ന ഹോട്ടലിന്റെ പുറത്ത് ദുബായി ഡ്യൂട്ടി പെയ്ഡ് കവറുമായി നന്ദകുമാര്‍ നില്‍ക്കുന്നതിന്റെയും കവര്‍ വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. അനില്‍ നന്ദകുമാറിനെ വിളിച്ചതെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്പറും അദ്ദേഹം പുറത്തുവിട്ടിരുന്നു.
എന്നാൽ തനിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന് അനില്‍ ആരോപിച്ചു. സംസ്ഥാനത്തെ താക്കോല്‍സ്ഥാനത്തിരിക്കുന്ന ഒരു നേതാവും ദേശീയതലത്തിലെ ഒരു നേതാവും നന്ദകുമാറും തമ്മില്‍ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. അതാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.
പത്തനംതിട്ടയില്‍ തന്റെ വിജയം ഉറപ്പായതാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. മാധ്യമങ്ങളില്‍ പലതും പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായും അനില്‍ ആരോപിച്ചു.