ഒടുവില്‍ പ്രമേഹം പരിഗണിച്ചു; കേജരിവാളിന് ഇന്‍സുലിന്‍ നല്കി തിഹാര്‍ ജയില്‍ അധികൃതര്‍
Tuesday, April 23, 2024 11:06 AM IST
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ തടവിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇന്‍സുലിന്‍ നല്കി അധികൃതര്‍. തിങ്കളാഴ്ച രാത്രിയാണ് ജയിലധികൃതര്‍ ഇന്‍സുലിന്‍ നല്‍കിയത്. അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയി ഉയര്‍ന്നിരുന്നു.
ഏറെ ദിവസം നീണ്ടുനിന്ന രാഷ്ട്രീയ വിവാദം അവസാനിപ്പിച്ചു കൊണ്ടാണ് ഇന്‍സുലിന്‍ നല്കാന് അധികൃതര്‍ തയാറായത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തനിക്ക് ഇന്‍സുലിന്‍ നല്‍കിയില്ലെന്ന് കഴിഞ്ഞദിവസം കേജരിവാള്‍ ആരോപിച്ചിരുന്നു.
അതേസമയം, കേജരിവാളിന് ആരോഗ്യപ്രശ്നമില്ലെന്ന് തിഹാര്‍ ജയില്‍ ഡയറക്ടര്‍ സഞ്ജയ് ബെനി വാള് പറഞ്ഞു. ജയിലിലെ ആയിരത്തിനടുത്ത് തടവുകാര്‍ക്ക് പ്രമേഹമുണ്ട്. എന്നാല്‍ കേജരിവാളുമായി ബന്ധപ്പെട്ട് ഉയരുന്നത് രാഷ്ട്രീയ പ്രശ്നമാണ്. അതിലേക്ക് കടക്കാന്‍ താനില്ലെന്നും സഞ്ജയ് ബെനി വാള് പറഞ്ഞു.
നേരത്തെ, കേജരിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു. ഡയബറ്റോളജിസ്റ്റുകളില്‍ നിന്നോ എന്‍ഡോക്രൈനോളജിസ്റ്റുകളില്‍ നിന്നോ വിദഗ്ധ ചികിത്സ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് ശരിയായ വൈദ്യസഹായം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
അതേ സമയം, വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും ഡോക്ടര്‍ നിര്‍ദേശിച്ച ഭക്ഷണവും ഉള്‍പ്പെടുന്ന കേജരിവാളിന്റെ ഭക്ഷണക്രമത്തിലെ പൊരുത്തക്കേടുകള്‍ കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിനായി പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ കേജരിവാള്‍ കഴിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആരോപിച്ചിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് ആണ് അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നുമുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് അദ്ദേഹം.