പിന്നിൽ ഗൂഢാലോചനയുണ്ട്; ഇതേ കമ്മീഷണറെ നിർത്തി മര്യാദയ്ക്ക് പൂരം നടത്തിക്കാണിക്കണം: സുരേഷ്ഗോപി
Monday, April 22, 2024 12:55 PM IST
തൃശൂർ: തൃശൂർ പൂരത്തിന്റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ഏത് പാർട്ടിയുടെ ഇടപെടൽ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മീഷണറെ നിർത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിക്കെട്ട് തടസപ്പെട്ടപ്പോള്‍ തിരുവമ്പാടി ദേവസ്വത്തിൽ നിന്നാണ് തന്നെ വിളിച്ചത്. തന്നെ ബ്ലോക്ക് ചെയ്തതിനാല്‍ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്. കൂടുതൽ തല്ലുകൊള്ളാതിരിക്കാൻ നിർത്തിപ്പോവുക എന്നാണ് പോലീസ് പറഞ്ഞതെന്നും കമ്മീഷണർ തനിക്ക് ലഭിച്ച നിർദേശമാണ് പാലിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, തൃശൂർ പൂരം നടത്തിപ്പിൽ വീഴ്ച വരുത്തിയ കമ്മീഷണർ അങ്കിത് അശോകിനെ മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്നു പുറത്തിറങ്ങും. അങ്കിതിന് പകരം നിയമനം നൽകാനുള്ളവരുടെ പട്ടിക സർക്കാർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതിൽ ഒരാളെ കമ്മീഷൻ നിശ്ചയിച്ചാൽ ഉത്തരവ് ഇന്നിറങ്ങും. അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയാണ് ഇരുവരെയും മാറ്റാൻ നിർദേശം നൽകിയത്. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനുശേഷമുള്ള ചടങ്ങുകളെല്ലാം പോലീസ് നിയന്ത്രണത്തെത്തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ഇതുൾപ്പെടെ പരിശോധിക്കാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂര പ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പോലീസ് പരിധിവിട്ടതാണു വിവാദമായത്. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ച് പൂരം നിര്‍ത്തിവയ്ക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിതരായി.
രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടില്‍ കടക്കാന്‍ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചിരുന്നു. പൂരത്തിന് ആനകള്‍ക്കു നല്കാന് കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും അങ്കിത് അശോകന് തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനുശേഷമാണു നടപടിയെടുക്കാന്‍ നിര്‍ദേശം വന്നിരിക്കുന്നത്.