പൂരം കലക്കിയതു ബിജെപിക്കുവേണ്ടി: ജുഡീഷൽ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ
Monday, April 22, 2024 11:33 AM IST
തൃശൂർ: പോലീസ് തൃശൂർ പൂരം കലക്കിയത് ബിജെപിക്കുവേണ്ടിയെന്നു തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. സുരേഷ്ഗോപിയെ ജയിപ്പിക്കുക എന്ന സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷണറെ ഉപയോഗിക്കുകയായിരുന്നെന്നും മുരളീധരൻ ആരോപിച്ചു.
സിപിഎം- ബിജെപി വോട്ടു കച്ചവടത്തിനുള്ള അന്തർധാര പുറത്തായി. പൂരം അലങ്കോലമായപ്പോൾ സുരേഷ്ഗോപിയാണു പ്രശ്നം പരിഹരിച്ചതെന്ന രീതിയിൽ ബിജെപിയുടെ സൈബർ സെൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞതായും സംഭവത്തിൽ ജുഡീഷ്യൽ വേണമെന്നും മുരളി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കമ്മീഷണറെ മാറ്റിയതുകൊണ്ടു മാത്രം പ്രശ്നം തീരുന്നില്ല. അന്നു രാത്രി നടന്ന മുഴുവൻ കാര്യങ്ങളെക്കുറിച്ചും ജുഡീഷൽ അന്വേഷണം നടത്തണം. പൂരം മുടക്കാൻ ശ്രമിച്ച ശക്തികൾ ആരെന്ന് ജനത്തിന് അറിയണം. വ്യക്തമായ ഒരു തിരക്കഥപോലെയാണ് കാര്യങ്ങൾ നടന്നിട്ടുള്ളത്. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിക്കുകയായിരുന്നു. കമ്മീഷണറെ ഇപ്പോൾ മാറ്റിയാലും വോട്ടെടുപ്പ് കഴിഞ്ഞാൽ വീണ്ടും ഇങ്ങോട്ടുതന്നെ കൊണ്ടുവരും.
പൂരം ദിവസം അവിടെ കാണാതിരുന്ന എൻഡിഎ സ്ഥാനാർഥി പുലർച്ചെ സേവാഭാരതിയുടെ ആംബുലൻസിൽ വന്നപ്പോൾതന്നെ എന്തോ കളികൾ നടന്നതായി മനസിലായിരുന്നു. മന്ത്രി രാജൻ അവിടെയൊന്നും ഉണ്ടായിരുന്നില്ല, രാജൻ അവിടെ ഉണ്ടാകേണ്ടതായിരുന്നു. പെരുമാറ്റചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ പരിഹരിക്കേണ്ടതായിരുന്നു. പെരുമാറ്റചട്ടം ദുരുപയോഗം ചെയ്യുന്പോൾ മാത്രമേ പ്രശ്നമുള്ളുവവെന്നും മുരളി ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ മോദിയുടെ ഏജന്റാണെന്നും മുരളി ആരോപിച്ചു. കേരളത്തിൽനിന്നുള്ള ഒരു ഇടതുപക്ഷ സ്ഥാനാർഥിയെയും ജയിപ്പിക്കരുത്. കേരളത്തിനു പുറത്തുള്ള സിപിഎം സ്ഥാനാർഥികൾ ജയിച്ചുവന്നാൽ കുഴപ്പമില്ല. കാരണം അവർ ഇന്ത്യ സഖ്യത്തിൽ ജയിച്ചു വരുന്നവരാണ്. പിണറായിയുടെ സ്ഥാനാർഥികൾ അങ്ങിനെയല്ല. അവർ ജയിച്ചു ഡൽഹിയിൽ ചെന്നാൽ ഇന്ത്യ സഖ്യത്തിനെതിരേ വന്ന് മോദിക്ക് അനുകൂലമായി നിൽക്കും - മുരളീധരൻ പറഞ്ഞു.