പൂരം നടത്തിപ്പിൽ വീഴ്ച; തൃശൂർ സിറ്റി പോലീസ് കമ്മീഷണറെ സ്ഥലം മാറ്റും
Sunday, April 21, 2024 8:10 PM IST
തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ നടത്തിപ്പിൽ പോലീസിന് വീഴ്ചയുണ്ടായി എന്ന പരാതിയിൽ നടപടിയുമായി സർക്കാർ. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിനെയും അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടിയാണ് സർക്കാർ നടപടി. പുതിയ മൂന്ന് ഉദ്യോഗസ്ഥരുടെ പേരടങ്ങിയ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി സർക്കാർ നൽകി.
പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയെന്ന പരാതി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് നിർദേശം നൽകി.
ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിൽ തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്ന് കമ്മീഷണർ പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാമായിരുന്നു.
എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണറുടെ വിശദീകരണം. മഠത്തിൽവരവിനിടെ ഉത്സവപ്രേമികൾക്കു നേരെ കയർക്കാനും പിടിച്ചു തള്ളാനും മുന്നിൽനിന്നതു സിറ്റി പോലീസ് കമ്മീഷണർ നേരിട്ടാണെന്ന് ആക്ഷേപമുണ്ടായിരുന്നു.
തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞതോടെ പൂരം രാത്രിയിൽ നിർത്തിവയ്ക്കാൻ സംഘാടകർ തീരുമാനിച്ചിരുന്നു.
.