ആറന്മുളയിലും കള്ളവോട്ട് പരാതി; മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്തെന്ന് ആക്ഷേപം
Sunday, April 21, 2024 12:14 PM IST
പത്തനംതിട്ട: ആറന്മുളയില് മരിച്ച ആളുടെ പേരില്‍ കള്ളവോട്ട് ചെയ്തെന്ന് പരാതി. മരിച്ച കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ ഇവരുടെ മരുമകള്‍ അന്നമ്മ വോട്ട് ചെയ്തെന്നാണ് ആരോപണം.
കള്ളവോട്ട് ചെയ്യിക്കാന്‍ വാര്‍ഡ് മെമ്പര്‍ സി.ശുഭാനന്ദനും ബിഎല്‍ഒ അമ്പിളിയും ഒത്തുകളിച്ചെന്ന് എല്‍ഡിഎഫ് ആരോപിച്ചു. എന്നാൽ സീരിയല്‍ നമ്പര്‍ എഴുതിയപ്പോള്‍ തനിക്ക് പിഴവ് പറ്റിയതാണെന്നും ബോധപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും ബിഎല്‍ഒ അമ്പിളി പ്രതികരിച്ചു.
കിടപ്പുരോഗിയായ മരുമകള്‍ അന്നമ്മ(66)യ്ക്ക് വേണ്ടിയാണ് വോട്ടിന് അപേക്ഷിച്ചത്. എന്നാല്‍ ആറ് വര്‍ഷം മുമ്പ് മരിച്ച അന്നമ്മയുടെ പേരിന് നേരെയുള്ള സീരിയല്‍ നമ്പറാണ് പകരം എഴുതിയത്. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അവര്‍ പറഞ്ഞു.