വടകരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍
Saturday, April 20, 2024 1:44 PM IST
വടകര: ചോറോട് കൈനാട്ടി മേല്‍പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഏറാമലയിലെ എടോത്ത് മീത്തല്‍ വിജീഷ് (33) ആണ് അറസ്റ്റിലായത്.
വടകര താഴെ അങ്ങാടി വലിയവളപ്പ് കരകെട്ടി ചെറിയകണ്ടി ഫാസില്‍ (39) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. 2023 സെപ്റ്റംബര്‍ 13ന് ബുധനാഴ്ച രാവിലെ ആറിനാണ് ഫാസിലിനെ കൈനാട്ടി മേല്‍പ്പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂക്കില്‍ നിന്നും വായില്‍ നിന്നും ചെവിയില്‍ നിന്നും രക്തം പുറത്തേക്ക് ഒലിച്ചിറങ്ങിയ നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്ത് ചോര പുരണ്ട നിലയില്‍ ഇയാളുടെ ആക്ടിവ സ്കൂട്ടറുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഏറാമല കുന്നുമ്മക്കരയില്‍ മയക്കു മരുന്ന് സംഘത്തില്‍പ്പെട്ട രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് വിജീഷിനെപ്പറ്റി പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഫാസിലിന്റെ മരണവുമായി ബന്ധപ്പെട്ട ചുരുളഴിയുന്നത്.
കുന്നുമ്മക്കരയിലെ വിജീഷിന്റെ വീട്ടില്‍ വെച്ചാണ് മരിച്ച ഫാസില്‍ മയക്ക് മരുന്ന് കുത്തിവെച്ച് അബോധാവസ്ഥയിലായത്. ആശുപത്രിയില്‍ എത്തിക്കാന്‍ വിജീഷും മറ്റു രണ്ടു പേരും വാഹനത്തില്‍ കയറ്റിയ ശേഷം ആശുപത്രിയില്‍ എത്തിക്കാതെ കൈനാട്ടിയിലെ മേല്‍പ്പാലത്തിന് താഴെ ഫാസിലിനെ തള്ളുകയായിരുന്നു. കുന്നുമ്മക്കരയിലെ മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണികളിലൊരാളാണ് വിജീഷ് എന്ന് പോലീസ് പറഞ്ഞു.