ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
Saturday, April 20, 2024 5:19 AM IST
ന്യൂഡൽഹി: എൻഡിഎക്ക് അനുകൂലമാകും വിധിയെഴുത്ത് എന്നാണ് ആദ്യഘട്ട വോട്ടെടുപ്പ് നൽകുന്ന സൂചനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വോട്ടർമാർക്കും പ്രധാനമന്ത്രി സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗാണ് രേഘപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 62.37 ശതമാനമാണു പോളിംഗ്. 79.9 ശതമാനം പേർ വോട്ട് ചെയ്ത ത്രിപുരയിലാണ് ഏറ്റവും കൂടുതൽ. 2019ലെ ആദ്യഘട്ടം 69.43 ശതമാനമായിരുന്നു പോളിംഗ്.
കനത്ത സുരക്ഷയ്ക്കിടയിലും കലാപഭൂമിയായ മണിപ്പുരിലും ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയായ ബസ്തറിലും പശ്ചിമ ബംഗാളിലും അങ്ങിങ്ങ് അക്രമങ്ങളുണ്ടായി. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്നലെ ജനവിധി പൂർത്തിയായത്.
പശ്ചിമബംഗാളിൽ 77.57 ശതമാനവും തമിഴ്നാട്ടിൽ 72.09 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. നാലു സീറ്റുകളിൽ വോട്ടെടുപ്പ് നടന്ന ബിഹാറിൽ 46.32 ശതമാനമാണ് പോളിംഗ്.
ആദ്യഘട്ടത്തിലെ ഏറ്റവും കുറവ് പോളിംഗാണിത്. രണ്ടു പോളിംഗ് സ്റ്റേഷനുകളിൽ അക്രമം റിപ്പോർട്ട് ചെയ്തെങ്കിലും മണിപ്പുരിൽ 67.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
മണിപ്പുരിലെ ബിഷ്ണുപുരിൽ ബൂത്ത് പിടിക്കാൻ ശ്രമം നടക്കുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു. ഇംഫാൽ ഈസ്റ്റിലെ ഖുറായിൽ അക്രമികൾ വെടിയുതിർക്കുകയും പോളിംഗ് സ്റ്റേഷൻ നശിപ്പിക്കുകയും രേഖകൾ കത്തിക്കുകയും ചെയ്തു.