മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
Saturday, April 20, 2024 3:39 AM IST
ബംഗളൂരു: മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ പോലീസിനുനേരെ ആഫ്രിക്കൻ യുവാക്കളുടെ ആക്രമണം. വ്യാഴാഴ്ച രാത്രിയിൽ നഗരപ്രാന്തത്തിലെ രജനുകുണ്ടെയ്ക്കടുത്ത മാവാലിപ്പുരയിലായിരുന്നു സംഭവം.
നഗരത്തിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ ആഫ്രിക്കൻ വംശജനായ യുവാവിനെ അറസ്റ്റ് ചെയ്തശേഷം താമസസ്ഥലത്തു പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ ആഫ്രിക്കക്കാരായ യുവാക്കൾ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പരിക്കേറ്റ നാലു പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇവർ നൈജീരിയയിൽനിന്നുള്ളവരാണെന്നാണ് സൂചന.
ബംഗളൂരു ക്രൈംബ്രാഞ്ചിനു കീഴിലുള്ള ആന്റി നാർകോട്ടിക് വിഭാഗം കഴിഞ്ഞ ആറിന് നടത്തിയ റെയ്ഡിൽ നഗരത്തിലെ ബാഗാൽഗുണ്ടെയിൽനിന്ന് ഒരു ആഫ്രിക്കൻ യുവാവിനെ പിടികൂടുകയും ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ നാലു കോടി രൂപ വിലമതിക്കുന്ന നാലുകിലോ എംഡിഎംഎ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ആഫ്രിക്കയിൽനിന്നും എത്തിക്കുന്ന എംഡിഎംഎ ബംഗളൂരുവിൽ വില്പന നടത്തിവരികയായിരുന്നു ഇയാൾ. വ്യാഴാഴ്ച രാത്രിയിൽ ഇയാളുടെ കൂട്ടാളിയെ തേടി മാവാലിപ്പുരയിൽ എത്തിയതായിരുന്നു നാലംഗ ക്രൈംബ്രാഞ്ച് സംഘം.
സ്ഥലത്തെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന പ്രതിയെ പിടികൂടിയ ക്രൈംബ്രാഞ്ച് സംഘം ഇയാളെയും കൂട്ടി മയക്കുമരുന്ന് കണ്ടെടുക്കാനായി താമസസ്ഥലത്തെത്തിയപ്പോൾ വീട്ടിൽ മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് ഉദ്യോഗസ്ഥസംഘത്തെ ആക്രമിച്ചു.
വൈകാതെ പത്തോളം ആഫ്രിക്കൻ യുവാക്കളും സ്ഥലത്തെത്തി ഉദ്യോഗസ്ഥസംഘത്തെ ആക്രമിച്ചു. പോലീസുകാർക്കുനേരെ അക്രമിസംഘം കല്ലെറിയുകയും ചെയ്തു. സ്ഥലത്തെത്തിയ ലോക്കൽ പോലീസാണ് ക്രൈംബ്രാഞ്ച് സംഘത്തെ രക്ഷപ്പെടുത്തിയത്. ഇതിനോടകം പ്രതികൾ രക്ഷപ്പെട്ടിരുന്നു.
ബിഹാർ സ്വദേശിയുടെ വീട്ടിലാണ് പ്രതികൾ വാടകയ്ക്കു താമസിച്ചിരുന്നത്. മൂന്നു മാസം മുന്പാണ് രണ്ട് ആഫ്രിക്കൻ സ്വദേശികൾ ഇവിടെ താമസത്തിനെത്തിയതെന്നും യാത്രാരേഖകൾ പരിശോധിക്കാതെയാണ് സംഘത്തിന് താമസസൗകര്യം നൽകിയതെന്നും പോലീസ് അറിയിച്ചു.