പക്ഷിപ്പനി: അടിയന്തര യോഗം ചേര്‍ന്നു
Friday, April 19, 2024 7:34 PM IST
തിരുവനന്തപുരം: ആലപ്പുഴയില്‍ താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം.
രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ മൂന്നു കിലോ മീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.
ആശാ പ്രവര്‍ത്തകരുടേയും ഫീല്‍ഡ്തല ജീവനക്കാരുടേയും നേതൃത്വത്തില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവര്‍ ക്വാറന്റൈൻ കൃത്യമായി പാലിക്കണം.
ഈ പ്രദേശത്തിന് പത്തു കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. വണ്‍ ഹെല്‍ത്ത് പരിശീലനം ലഭിച്ച വോളന്റിയർമാരുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.