വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Friday, April 19, 2024 5:02 PM IST
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്ക്ക് വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കണ്ണൂര്‍ കല്യാശേരിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പോലീസ് കേസ് എടുത്തെന്നും അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
കല്യാശേരിയില്‍ 164 -ാം നന്പര് ബൂത്തില്‍ വയോധിക വോട്ട് ചെയ്തപ്പോൾ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ സ്പെഷല്‍ പോളിംഗ് ഓഫീസര്‍ വി.വി.പൗര്‍ണമി, പോളിംഗ് അസിസ്റ്റന്റ് ടി.കെ.പ്രജിന്, മൈക്രോ ഒബ്സര്‍വര്‍ എ.ഷീല, സിവില്‍ പോലീസ് ഓഫീസര്‍ പി.ലെജീഷ്, വീഡിയോഗ്രാഫര്‍ പി.പി. റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വോട്ടിംഗിൽ ഇടപെട്ട സിപിഎം നേതാവ് അഞ്ചാംപീടിക കപ്പോട്കാവ് ഗണേശനെതിരെ കണ്ണപുരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.