പുതിയ കേരള കോണ്‍ഗ്രസുമായി സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്
Friday, April 19, 2024 12:47 PM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും. കോട്ടയത്തെത്തുന്ന ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയുമായി സജി മഞ്ഞക്കടമ്പില്‍ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാർഥിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും. ഇതിനായി സജി മഞ്ഞക്കടമ്പിലിനെ അനുകൂലിക്കുന്നവരുടെ അല്പസമയത്തിനകം കോട്ടയത്ത് ചേരും. എന്‍ഡിഎയിലേക്ക് പോകുന്ന കാര്യം യോഗത്തിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
ഈ മാസം ആദ്യമാണ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി.
അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കവും പാളിയിരുന്നു. യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും ഭാവികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു നേരത്തെ സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരള കോൺഗ്രസ്- എമ്മും ബിജെപി നേതൃത്വവും തന്നെ ബന്ധപ്പെട്ടിരുന്നതായി സജി മഞ്ഞക്കടമ്പില്‍ പറഞ്ഞിരുന്നു. അദ്ദേഹം കേരള കോണ്‍ഗ്രസ്-എമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കേയാണ് എൻഡിഎ പ്രവേശമെന്ന സൂചനകൾ വരുന്നത്.