മാസപ്പടിക്കേസില്‍ അന്വേഷണം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാത്യുവിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി
Friday, April 19, 2024 8:39 AM IST
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എ നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക.
ധാതുമണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്കിയ ഒത്താശയ്ക്ക് പ്രതിഫലമായി വീണയ്ക്ക് മാസപ്പടി ലഭിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. പിണറായി വിജയനും മകളും ഉള്‍പ്പെടെ ഏഴുപേരാണ് എതിര്‍കക്ഷികള്‍.
കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു മാത്യു ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജി വിധി പറയാനായി പരിഗണിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള വിജിലന്‍സ് അന്വേഷണം വേണ്ടെന്നും കോടതി നേരിട്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. തെളിവുകള്‍ നേരിട്ടു കൈമാറാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഹര്‍ജിയില്‍ ഈ മാസം 12 ന് വിധി പുറപ്പെടുവിക്കുമെന്നാണ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിധിപ്പകര്‍പ്പ് തയാറാക്കുന്നത് പൂര്‍ത്തിയാകാത്തതിനാല്‍ വിധി പ്രസ്താവം മാറ്റുകയായിരുന്നു.