തൂശൂർ പൂരം; ചമയക്കലവറ തുറന്നു
Wednesday, April 17, 2024 1:17 PM IST
തൃശൂർ: മേട പൊൻ വെയിലിനെ നോക്കി ചിരിച്ചുയരാൻ കാത്തുനിൽക്കുന്ന വർണക്കുടകൾ, തിളയ്ക്കുന്ന സൂര്യരശ്മികൾ ഏറ്റുവാങ്ങി വെട്ടി ത്തിളങ്ങാൻ വെമ്പുന്ന നെറ്റിപ്പട്ടങ്ങൾ, ആകാശം കാണാത്ത അനേകായിരം പീലിക്കണ്ണുകളുടെ ആലവട്ടങ്ങൾ, പൂരക്കാറ്റിൽ പൂത്തുലയാൻ കാത്തുനിൽക്കുന്ന കാറ്റുപിടിക്കാത്ത വെൺചാമരങ്ങൾ...
കരിവീര ചന്തത്തിന് മാറ്റുകൂട്ടുന്ന ആനയാഭരണങ്ങളുടെ രഹസ്യ ചമയപ്പുര ഇന്നു രാവിലെ തുറന്നപ്പോൾ കണ്ട കാഴ്ചകളിതാണ്... ആനച്ചൂരും ആനച്ചൂടും മാത്രമല്ല മേട വെയിലും മേടക്കാറ്റുമേൽക്കാത്ത പുതുപുത്തൻ കണ്ണഞ്ചിപ്പിക്കുന്ന ആനച്ചമയങ്ങളാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതും മോഹിപ്പിക്കുന്നതും.
തിളങ്ങുന്ന കുടകൾ കാണുമ്പോൾ ആ കുടശീല പോലെ ചുരിദാറോ സാരിയോ ബ്ലൗസോ കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന സ്ത്രീ ജനങ്ങൾ, ആലവട്ടത്തിൽനിന്ന് ഒരു പീലി കഷ്ണമെങ്കിലും മോഹിക്കുന്ന കുട്ടികൾ... തിരുവമ്പാടി വിഭാഗം കൗസ്തുഭത്തിലും പാറമേക്കാവ് വിഭാഗം അഗ്രശാലയിലും ചമയപ്പുരകളുടെ വാതിലുകൾ തുറന്നപ്പോൾ രാവിലെ മുതൽ വൻ തിരക്കാണ് ആനകൾ അണിയുന്ന ആഭരണക്കാഴ്ചകൾ കാണാനെത്തുന്നത്.
വൈകുന്നേരം സാമ്പിൾ കാണാൻ എത്തുന്നവർ ചമയപ്പുരകളിലേക്ക് കൂടി കയറുന്നതോടെ തിരക്കുകൂടും. വൈകുന്നേരം ഏഴു മുതലാണു സാന്പിൾ വെടിക്കെട്ട്.