ഭക്ഷ്യവിഷബാധ യുപിയിൽ ആറുവയസുകാരൻ മരിച്ചു; മൂന്നുപേർ ചികിത്സയിൽ
Wednesday, April 17, 2024 4:23 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആറു വയസുള്ള കുട്ടി മരിച്ചു. കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10നും 17നും ഇടയിൽ പ്രായമുള്ള മൂന്നുപേരാണ് ആശുപത്രിയിലുള്ളത്.
നാല് പേരും ശിവ്ഗഢ് പോലീസ് സ്റ്റേഷൻ പരിധിയിലെ നാരായൺപൂർ ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥികളാണ്. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ അഭിപാൽ (ആറ്), ഹിമാൻഷു (17), സുധി (10), ശിവാംഗി (11) എന്നിവർ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ബോധരഹിതരായി. ഇവരെ ഉടൻതന്നെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അഭിപാൽ മരിച്ചു.
ഹിമാൻഷു, സുധി, ശിവാംഗി എന്നിവർ സുൽത്താൻപൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. ഒ.പി. ചൗധരി പറഞ്ഞു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്താണെന്ന് കണ്ടെത്താൻ ആരോഗ്യസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.