മദ്യനയക്കേസ്: കേജരിവാളിന്റെ ഹർജിയിൽ ഇഡിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി
Monday, April 15, 2024 3:04 PM IST
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ അറസ്റ്റ് നടപടി ചോദ്യം ചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹർജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ഈമാസം 29നകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. ഇഡിയുടെ മറുപടിക്ക് ശേഷം കേസിൽ വാദം കേൾക്കാമെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് പറഞ്ഞു.
മദ്യനയ അഴിമതിക്കേസിലെ ഇഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡി നിയമവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നുമാണ് ഹർജിയിൽ പറയുന്നത്.
മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ തന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ കേജരിവാളിന്റെ ഹർജി തള്ളിക്കളഞ്ഞ ഹൈക്കോടതി മദ്യനയ അഴിമതിയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന ഇഡിയുടെ വാദം ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.