അടിമാലിയിലെ വയോധികയുടെ മരണം കൊലപാതകം; കൊല്ലം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം
Sunday, April 14, 2024 1:35 PM IST
ഇടുക്കി: അടിമാലിയിൽ വയോധികയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. അടിമാലി കുരിയൻസ് പടിയിൽ ഫാത്തിമ കാസിം (70) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് നിഗമനം.
കഴിഞ്ഞ രണ്ട് ദിവസമായി വീട് വാടകയ്ക്ക് ചോദിച്ച് കൊല്ലം സ്വദേശികളായ സ്ത്രീയും പുരുഷനും പ്രദേശത്ത് കറങ്ങിനടന്നിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകൻ സുബൈറാണ് ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു. ഇവരുടെ സ്വർണമാല അടക്കം നഷ്ടപ്പെട്ടിരുന്നു.