പട്ടാമ്പിയിൽ യുവതിയെ വഴിയരികിൽ തീകൊളുത്തി കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Sunday, April 14, 2024 12:31 PM IST
പാലക്കാട്: പട്ടാമ്പിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് കൊല്ലപ്പെട്ടത്. തൃത്താല ആലൂർ സ്വദേശിയായ സന്തോഷാണ് യുവതിയെ തീകൊളുത്തിയത്.
പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപം വയലിനോട് ചേര്‍ന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് പുല്ല് കത്തിക്കരിഞ്ഞ നിലയിലാണ്. സമീപത്തായി പാതി കത്തിയ നിലയിൽ സ്കൂട്ടറുമുണ്ടായിരുന്നു.
കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയിൽ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിൽ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രകോപനമെന്നും പോലീസ് സംശയിക്കുന്നു. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.