അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം; 350 പവന് കവര്‍ന്നു
Sunday, April 14, 2024 12:27 PM IST
മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണം നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.
പൊന്നാനി സ്വദേശി മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇവര്‍ വിദേശത്താണ് താമസിക്കുന്നത്. ശനിയാഴ്ച വൈകിട്ട് വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് പുറകുവശത്തെ ഗ്രില്‍ കുത്തി തുറന്ന നിലയില്‍ കണ്ടെത്തിയത്.
പിന്നീട് വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോളാണ് അലമാരയടക്കം തുറന്നുകിടക്കുന്നതായി കണ്ടത്. പിന്നീട് ബന്ധുക്കള്‍ എത്തി രാജീവിനെ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച രണ്ട് കോടിയോളം രൂപ വില വരുന്ന 350 പവൻ സ്വര്‍ണം മോഷണം പോയതായി അറിയുന്നത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തിൽ തിരൂര്‍ ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ എന്തൊക്കെ സാധനങ്ങള്‍ നഷ്ടപ്പെട്ടു എന്നതിന്റെ കൃത്യമായ വിവരം ലഭിക്കൂ.