ഇറാന്റെ ഭീഷണി; ഇസ്രയേലിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു
Sunday, April 14, 2024 1:29 AM IST
ടെൽ അവീവ്: ദമാസ്കസ് കോൺസുലേറ്റിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് മറുപടിയായി തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഇസ്രയേലിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു. സുരക്ഷാ കാരണങ്ങളാലാണ് ഈ നടപടിയെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
ഏപ്രിൽ ഒന്നിന് ദമാസ്കസിലെ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ജനറൽമാരുൾപ്പെടെ ഏഴ് റെവല്യൂഷണറി ഗാർഡുകൾ കൊല്ലപ്പെട്ടിരുന്നു. ഇറാൻ വേഗത്തിൽ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പറഞ്ഞു.
അതിനിടെയാണ് ഹോർമുസ് കടലിടുക്കിന് സമീപം ഇസ്രയേൽ ബന്ധമുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തത്. നിരവധി ഇന്ത്യക്കാരും കപ്പലിലുണ്ട്. സുരക്ഷാ സാഹചര്യം കാരണം ഞായറാഴ്ച ആരംഭിക്കാനിരുന്ന ഹംഗറി, ഓസ്ട്രിയ സന്ദർശനം ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് മാറ്റിവച്ചു.