പ്ലാസ്റ്റിക് കസേര നിർമാണ കന്പനിയിൽ തീപിടിത്തം; കോടികളുടെ നഷ്ടം
Tuesday, April 9, 2024 7:21 PM IST
പെരുമ്പാവൂർ: പ്ലാസ്റ്റിക് കസേരകൾ നിർമിക്കുന്ന ചേലാമറ്റം ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് (ചെയർമാൻ) കമ്പനിയിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തം. കോടികളുടെ നഷ്ടം ഉണ്ടെന്ന് കണക്കാക്കുന്നു. പുലർച്ചെ രണ്ടോടെയാണ് തീപിടിത്തം ഉണ്ടായത്.
രാവിലെ എട്ടോടെയാണ് തീ പൂർണമായും അണച്ചത്. ഏകദേശം 3000 ചതുരശ്ര അടി വിസ്തീർണമുള്ള ഗോഡൗണിൽ ഉണ്ടായ കസേരകളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. പെരുമ്പാവൂർ, അങ്കമാലി, കോതമംഗലം, പട്ടിമറ്റം, ആലുവ, മൂവാറ്റുപുഴ എന്നീ നിലയങ്ങളിൽ നിന്ന് എട്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.
ഫയർഫോഴ്സ് സംഘം ഉടൻ എത്തിയതിനാൽ ചുറ്റുമുണ്ടായിരുന്ന മൂന്ന് ഗോഡൗണിലേക്ക് തീ പടരുന്നതും നിയന്ത്രിക്കാനായി. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.