യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സിന്റെ ഓഫീസ് വാതിലിന് തീയിട്ടയാൾ അറസ്റ്റിൽ
Monday, April 8, 2024 7:03 AM IST
വെർമോണ്ട്: സെനറ്റർ ബെർണി സാൻഡേഴ്സിന്റെ വെർമോണ്ടിലെ ബർലിംഗ്ടണിലുള്ള ഓഫീസ് വാതിലിന് തീയിട്ട ആളെ അറസ്റ്റ് ചെയ്തു. യുഎസ് അറ്റോർണി ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
35 കാരനായ ശാന്ത് സോഗോമോണിയൻ ആണ് പിടിയിലായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള സാൻഡേഴ്സിന്റെ ഓഫീസിലേക്ക് പോയ ഇയാൾ, വാതിലിനു സമീപം ഒരു ദ്രാവകം തളിക്കുന്നതും കത്തിക്കുന്നതും സുരക്ഷാ കാമറകളിൽ പതിഞ്ഞതായി യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു.
ഓഫീസിനുള്ളിൽ നിരവധി ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. വാതിലിനും മറ്റും തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു.
സോഗോമോണിയന് ഒരു അഭിഭാഷകനുണ്ടോ എന്ന് പെട്ടെന്ന് വ്യക്തമല്ല, അഭിപ്രായത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
വടക്കുകിഴക്കൻ സംസ്ഥാനമായ വെർമോണ്ടിനെ പ്രതിനിധീകരിച്ച് യുഎസ് സെനറ്റിൽ ദീർഘകാലം സേവനമനുഷ്ഠിക്കുന്ന സ്വതന്ത്രനാണ് സാൻഡേഴ്സ്.