എൽഡിഎഫ് സർക്കാർ സ്ത്രീ പീഡകർക്കൊപ്പം: കെ. സുരേന്ദ്രൻ
Sunday, April 7, 2024 5:05 AM IST
കോഴിക്കോട്: എൽഡിഎഫ് സർക്കാർ സ്ത്രീ പീഡകർക്കൊപ്പമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിനിരയായ യുവതിക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് സർക്കാർ നിന്നത്.
യുവതിക്ക് വേണ്ടി നിലപാടെടുത്ത നഴ്സിംഗ് ഓഫീസർ അനിതയെ ദ്രോഹിക്കുന്നത് ഭരണകൂട ഭീകരതയാണ്. ഹൈക്കോടതി ഉത്തരവിട്ടിട്ട് പോലും ഇത്രയും ദിവസം അവരുടെ നിയമനം തടഞ്ഞുവച്ചത് പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധത തെളിയിക്കുന്നതാണ്.
അതിജീവിതയെ സഹായിച്ചുവെന്നതാണ് ഈ സർക്കാർ അനിതയിൽ കണ്ട കുറ്റം. അനധികൃതമായി സിപിഎം ക്രിമിനലുകളെ സർക്കാർ ആശുപത്രികളിൽ നിയമിക്കുന്നതാണ് ഇവിടുത്തെ സുരക്ഷിതത്വം ഇല്ലാതാക്കുന്നത്. ആരോഗ്യമന്ത്രി ഒരു മനസാക്ഷിയുമില്ലാതെയാണ് പെരുമാറുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.