ജസ്റ്റിസ് മണികുമാറിന്റെ പിന്മാറ്റം വൈകി ഉദിച്ച വിവേകം: ചെന്നിത്തല
Saturday, April 6, 2024 8:56 PM IST
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷപദം സ്വീകരിക്കേണ്ട എന്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് രമേശ് ചെന്നിത്തല.
അദ്ദേഹത്തിന്റേത് വൈകി ഉദിച്ച വിവേകമാണെങ്കിലും, അധ്യക്ഷ പദവി ഏറ്റെടുത്ത് കൂടുതൽ അപമാനിതനാകാതെ പിന്മാറിയത് നന്നായി. അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ, എൽഡിഎഫ് സർക്കാരിന് അനുകൂല നിലപാടുകൾ സ്വീകരിച്ചതിന്റെ ഉപകാര സ്മരണയായാണ് വിരമിച്ച ശേഷം നൽകിയ പുതിയ പദവിയെന്നത് എല്ലാപേർക്കും ബോധ്യമായ കാര്യമാണ്.
വൈകിയാണെങ്കിലും ജസ്റ്റിസ് മണികുമാർ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ മണികുമാറിന്റെ നിയമനത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിയോജിപ്പ് അറിയിച്ചിരുന്നു.