മസാല ബോണ്ട് കേസ്; നിർദേശവുമായി ഹൈക്കോടതി
Friday, April 5, 2024 6:36 PM IST
കൊച്ചി: മസാല ബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഇഡിക്ക് നിർദേശം നൽകി. ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെ ഉപഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിർദേശം നൽകിയത്.
കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ കേസിൽ തത്സ്ഥിതി തുടരാനും ജസ്റ്റീസ് ടി.ആര്. രവി ഉത്തരവിട്ടു. ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമെന്ന് കിഫ്ബിയും കോടതിയിൽ വാദിച്ചു. കിഫ്ബി മാത്രമല്ല മസാലബോണ്ട് വഴി പണം സമാഹരിച്ചത്. ഇരുപതിനടുത്ത് സംസ്ഥാനങ്ങൾ മസാലബോണ്ട് സമാഹരിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന് വേണ്ടി കിഫ്ബി പണം ശേഖരിച്ച് അത് ജനങ്ങളുടെ ആവശ്യങ്ങൾക്കായാണ് ചെലവഴിച്ചത്. ഇരുന്നൂറിലധികം രേഖകളിലാണ് ഒപ്പിട്ട് നൽകിയതെന്നും കോടതിയിൽ കിഫ്ബി അറിയിച്ചു.
കേസ് അന്വേഷണത്തിന്റെ ഭാഗമായല്ല മൊഴിയെടുക്കാൻ വിളിപ്പിക്കുന്നത് എന്ന് നേരത്തെ പറഞ്ഞിരുന്ന ഇഡി ഇപ്പോൾ സമൻസിൽ പോലും അന്വേഷണം എന്നു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഐസക്കിനു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.