""അനിതയുടെ ഭാഗത്ത് വീഴ്ചയുണ്ടായി''; അതിജീവിതയെ പിന്തുണച്ച നഴ്സിനെതിരേ ആരോഗ്യമന്ത്രി
Friday, April 5, 2024 12:48 PM IST
പത്തനംതിട്ട: ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിംഗ് ഓഫീസര്‍ പി.ബി.അനിതയുടെ സമരത്തിനെതിരേ മന്ത്രി വീണാ ജോര്‍ജ്. അതിജീവിതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അനിതയ്ക്ക് വീഴ്ച പറ്റിയതായി ഡിഎംഇയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അതുകൊണ്ടാണ് ഇവരെ ജോലിയില്‍ തിരിച്ചെടുക്കാത്തതെന്ന് മന്ത്രി പ്രതികരിച്ചു.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുകയാണ് പ്രാഥമിക ലക്ഷ്യം. അതിന്റെ ഭാഗമായാണ് നടപടിയെടുത്തത്. അത് കോടതിയെ ബോധ്യപ്പെടുത്തും. പിന്നീട് അതിജീവിതയെ പിന്തുണച്ചെന്ന് കരുതി ഇവരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതോടെയാണ് 2023 നവംബര്‍ 28ന് അനിതയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് ഡിഎംഇ സ്ഥലം മാറ്റിയത്. ഇതിനെതിരേ ഇവർ ഹൈക്കോടതിയിൽ പോയതോടെ ഡിഎംഇയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഏപ്രില്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാന്‍ വന്ന അനിതയോട് പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം കിട്ടിയിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വിശദീകരണം. ഇതോടെയാണ് അനിത മെഡിക്കല്‍ കോളജിന് മുന്നില്‍ ഉപവാസ സമരം തുടങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇവർ ഇവിടെ സമരം തുടരുകയാണ്.
ഇവർക്ക് പിന്തുണയുമായി കേസിലെ അതിജീവിതയും ഇന്ന് സമരപന്തലിൽ എത്തിയിരുന്നു. അതേസമയം സ്ഥലംമാറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.