ടിടിഇ വിനോദിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
Thursday, April 4, 2024 10:53 AM IST
തൃശൂർ: ടിടിഇ വിനോദിന്റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. വിനോദിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതി പിന്നില്‍നിന്ന് തള്ളിയിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ടിക്കറ്റില്ലാത്ത യാത്ര ചെയ്തതിന് പിഴയടയ്ക്കാന്‍ ആവശ്യപ്പട്ടതിനായിരുന്നു ആക്രമണം. ഒന്നുകില്‍ പിഴയടയ്ക്കണം അല്ലെങ്കില്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങണമെന്ന് വിനോദ് ആവശ്യപ്പെട്ടു.ഇതോടെ അപ്രതീക്ഷിതമായി പിന്നില്‍നിന്ന് വന്ന് കൊല്ലണമെന്ന ലക്ഷ്യത്തോടെ തള്ളിയിട്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച രാത്രി ഏഴിന് എറണാകുളം-പാറ്റ്ന എക്സ്പ്രസിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള റൂട്ടിൽ വെളപ്പായയിലാണു സംഭവം. ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയടയ്ക്കണമെന്ന് പറഞ്ഞതോടെ ടിടിഇയെ പ്രതി ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
സംഭവത്തിൽ പ്രതി ഒഡീഷ സ്വദേശി രജനീകാന്തയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഐപിസി 302 വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.