തീവ്രവാദ സംഘടനകളുമായുള്ള എൽഡിഫ്, യുഡിഎഫ് ബന്ധം രാജ്യസുരക്ഷക്കു ഭീഷണി: പ്രകാശ് ജാവദേക്കർ
Wednesday, April 3, 2024 11:15 PM IST
തിരുവനന്തപുരം: നിരോധിത തീവ്രവാദ സംഘടനകളുമായുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ബന്ധം രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു പ്രകാശ് ജാവദേക്കർ. വർഷങ്ങൾ പാരന്പര്യമുള്ള രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസിന്റെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യവും കേരളത്തിലെ വോട്ടർമാരും ഞെട്ടലോടെയാണു കാണുന്നത്.
നിയമം മൂലം നിരോധിച്ച തീവ്രവാദ സംഘടനയായ പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. അത്തരത്തിൽ തീവ്രവാദ ബന്ധമുള്ള എസ്ഡിപിഐയുടെ സഹായം സ്വീകരിക്കുകയാണു കേരളത്തിലെ ഇരുമുന്നണികളുമെന്നും പ്രകാശ് ജാവദേക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
3500ലധികം കേസുകൾ പിഎഫ്ഐക്കെതിരെയുണ്ട്. 100ൽ അധികം പിഎഫ്ഐക്കാർ ജയിലിലുമാണ്. ഒരു മാസം മുന്‍പ് രഞ്ജിത്തിന്റെ കൊലപാതികളായ പിഎഫ്ഐയുടെ ഗുണ്ടകൾക്കു വധശിക്ഷ ലഭിച്ചു. ഇവരെയാണു കോണ്‍ഗ്രസും സിപിഎമ്മും പിന്തുണയ്ക്കുന്നത്.
എസ്ഡിപിഐ പിന്തുന്ന പ്രഖ്യാപിച്ചിട്ടു കോണ്‍ഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എൽഡിഎഫും യുഡിഎഫും തീവ്രവാദികളെ പിന്തുണയ്ക്കുന്നതിൽ മത്സരിക്കുകയാണ്.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ ഇതിനു മറുപടി പറയണം. രാഹുൽ ഗാന്ധിയും സതീശനും തരൂരും സുധാകരനും മൗനത്തിലാണ്. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേഠിയിൽ ജനങ്ങൾ നൽകിയ മറുപടി വയനാട്ടിലും നൽകുമെന്നും ജാവദേക്കർ പറഞ്ഞു.