കാട്ടാനയാക്രമണത്തിൽ മരിച്ച ബിജുവിന്റെ സംസ്കാരം ഇന്ന്
Wednesday, April 3, 2024 7:01 AM IST
തുലാപ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച പുളിയന്‍കുന്നുമല കുടിലില്‍ ബിജു മാത്യു (50)വിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. തുലാപ്പള്ളി മാര്‍ത്തോമാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
മൃതദേഹം രാവിലെ എട്ടിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ തുലാപ്പള്ളി മാര്‍ത്തോമാ പള്ളി ഹാളിലേക്കു കൊണ്ടുപോകും.11.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത പ്രാര്‍ഥന നയിക്കും. തുടര്‍ന്ന് സംസ്കാരശുശ്രൂഷകള്‍ക്ക് ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.
പള്ളിയില്‍ നടത്തുന്ന അനുശോചനയോഗത്തില്‍ സമുദായ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് വികാരി ഫാ. എബിന് തോമസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഇന്നലെ വൈകുന്നേരം ബിജുവിന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.