മായങ്ക് എറിഞ്ഞിട്ടു; ലക്നോവിന് "സൂപ്പര്‍' ജയം
Tuesday, April 2, 2024 11:51 PM IST
ബംഗളൂരു: ഐപിഎല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് സ്വന്തം തട്ടകത്തിൽ തോൽവി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 28 റണ്‍സിനാണ് ലക്നോ സൂപ്പര്‍ ജയന്റ്സിനോട് ആര്‍സിബി പരാജയപ്പെട്ടത്.
സ്കോർ: ലക്നോ 181/5, ബംഗളൂരു153 (19.4). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നോ 182 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ആതിഥേയര്‍ 19.4 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി.
ക്വിന്റണ്‍ ഡി കോക്ക് (81) നിക്കോളാസ് പുരാന് (40) എന്നിവരുടെ പ്രകടനമാണ് ലക്നോ സൂപ്പര്‍ ജയന്റ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് ആര്‍സിബിയെ തകര്‍ത്തത്.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വിരാട് കോഹ്ലി (22), ഫാഫ് ഡു പ്ലെസിസ് (19), ഗ്ലെന്‍ മാക്സ്വെല് (0) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്.
തുടർന്നു വന്ന ബാറ്റ്സ്മാൻമാർ നിലയുറപ്പിക്കും മുന്‍പെ കൂടാരം കയറിയതോടെ ബംഗളൂരു സീസണിലെ മൂന്നാം തോൽവി ഏറ്റുവാങ്ങി. ആര്‍സിബിക്ക് വേണ്ടി ഗ്ലെന്‍ മാക്സ്വെല് രണ്ട് വിക്കറ്റ് വീഴ്ത്തി.
ലക്നോ സൂപ്പര്‍ ജയന്റ്സ് താരം മായങ്ക് യാദവിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.